Thursday, March 10, 2011

രാത്രിയും ഏതാനും ബിംബങ്ങളും


രാത്രി   ഒരു  ചിലന്തിയാണ്‌,
 നിശബ്ദമായി   വലനെയ്യുന്നു  ഇരയെ  കാത്ത്...
അരിച്ചിറങ്ങി   ഭയമായി   നമ്മിലേക്ക്‌  പടരുന്നു .
രാത്രി  കാമാര്‍ത്തയായ   ഒരു   പ്രണയിനിയാണ്,
വികാരങ്ങളുടെ   തിരയിളക്കത്തില്‍ തന്നെത്തന്നെ   മറന്ന്  വിഹരിക്കുന്നു.
രാത്രി  ഒരു  കാല്‍പനിക കവിതയാണ്,
നിശാഗന്ധിപോലെ   നിഗൂഡമായ   ഒരു സൗന്ദര്യം.
രാത്രി  സാന്ത്വനമാണ്...
പകലിന്റെ  തീക്ഷ്ണതയില്‍   നിന്നും  രക്ഷിച്ചെടുത്ത്‌,
അദൃശ്യമായ  ആയിരം  കരങ്ങളാല്‍   തഴുകി  പുണര്‍ന്ന് നെഞ്ചോടു  ചേര്‍ക്കുന്നു.
രാത്രിക്കുമുണ്ട്  ഒരു  പൊയ്മുഖം,
ഒരുപാട്  രഹസ്യങ്ങളെ   ഉള്ളിലൊതുക്കി   വികൃതമായത്...
ഒരേ സമയം   സുന്ദരവും , വിരൂപവുമായ   ഇരുളിന്റെ   മുഖം.
രാത്രി  തണുപ്പാണ്...
ആത്മാവിലേക്കൊഴുകി പരക്കുന്ന കുളിര്,
മരണത്തിന്റെ  മരവിപ്പിക്കുന്ന  തണവ്.

                               -----------------------------------------------------------------------

ചിത്രത്തിന്  കടപ്പാട്   : aadezyn.com
  

Wednesday, September 1, 2010

അവന്‍ എന്ന അവള്‍

അവന്റെ   സ്വപ്നങ്ങളിലെന്നും  കരിവളകളുടെ  കിലുക്കമായി  അവളുണ്ടായിരുന്നു.

അവളുടെ  കൊലുസിന്റെ  കൊഞ്ചല്‍  അവന്റെ  കാല്‍വ്യ്പ്പുകളെ  താളാത്മകമാക്കി.

അവനറിയാതെ   അവന്റെ മന്ദസ്മിതത്തില്‍  ഒരു  പനിനീര്‍പ്പൂവായി  അവള്‍  വിരിഞ്ഞു.

അവന്‍  ശരീരവും   അവള്‍  ആത്മാവുമായിരുന്നു.

അവന്റെ  സിരകളെ   തപിപ്പിച്ച് അവളുടെ   രക്തം  ഒഴുകിയിറങ്ങിയപ്പോള്‍,

ഒരു  നോട്ടം, ഒരു നിശ്വാസം , ഒരു സ്പര്‍ശം   അവന്റെ  സുഹൃദ് വലയത്തെ ഉന്മാദികളാക്കി.

അവന്റെ  സ്വകാര്യതകള്‍   തീരെഴുതപ്പെട്ടു ;

വിശുദ്ധമായ   മനസ്സിനെ   പേറുന്ന   വിഴുപ്പു  ഭാണ്ടമായി ശരീരം മാറുന്നത്,

നിസ്സഹായനായി നോക്കി   നില്‍ക്കാനേ അവനു   കഴിഞ്ഞുള്ളൂ.

ഒറ്റപ്പെടലുകളും, യാതനകളും, പരിഹാസങ്ങളും   ജീവിതത്തിന്റെ   താളമായി   മാറിയപ്പോള്‍,

ശരീരത്തെ   മനസ്സിന്റെ   വരുതിക്ക്   നിര്‍ത്താന്‍  ഒരുള്‍വിളി.

ഒരു  കൈകൊണ്ടു   തഴുകുന്ന, മറു   കൈകൊണ്ടാട്ടിപ്പായിക്കുന്ന,      കപടസദാചാരത്തിന്റെ  മുഖംമൂടി   വലിച്ചു    കീറികൊണ്ടവന്‍    അലറി...

ഞാന്‍   'അര്‍ദ്ധനാരീശ്വരന്‍' : പ്രകൃതിയും   പുരുഷനും   ഒരുമിച്ചു  ചേര്‍ന്നോരപൂര്‍വ്വ പ്രതിഭാസം.

ക്രൌര്യവും   ലാസ്യവും   ഒരുമിച്ചാടി  തീര്‍ക്കുന്നവന്‍...

വീണ്ടും    അതാ   മനസ്സ്    ശരീരത്തെ   വെല്ലുവിളിക്കുന്നു.

മനസ്സിന്  കീഴ്പെട്ടു    മുറിഞ്ഞ   ശരീരവുമായി,

 ചുടുചോര   മണക്കുന്ന     വെളുത്ത  ചുവരുകള്‍ക്കും,  പച്ച  വിരികള്‍ക്കുമിടയില്‍  വെറും  നിലത്തു    കിടക്കുമ്പോള്‍,  

 ചുണ്ടില്‍   വിരിഞ്ഞ    ജയസ്മിതം      അവളുടെതായിരുന്നില്ലേ ?...

Saturday, June 5, 2010

ആമുഖം

പറയുവാന്‍ ഒരുപാടുണ്ട്  പക്ഷെ  എഴുതുവാന്‍  വാക്കുക്കള്‍  വിരളം .'ഞാന്‍' എനിക്ക് തന്നെ നിര്‍വചിക്കാനാവാത്ത  ഒരു  പ്രഹേളിക... ഒരു കിനാവള്ളി ... ഒരുപാട് കരങ്ങളും ഒരൊറ്റ  ശിരസ്സുമായി, ഒരിക്കലും കൈപിടിയിലൊതുങ്ങാത്ത ഒട്ടനവധി  സ്വപനങ്ങള്‍ക്ക്  പിറകെ  ഓടിത്തളര്‍ന്നു... മുന്നില്‍ കണ്ട  മായകാഴ്ച്ചകളിലെല്ലാം  മയങ്ങി  എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കവേ, സര്‍ഗാത്മകതയുടെ  കരങ്ങള്‍ ഒന്നൊന്നായി  അറ്റ്പോകുന്നതറിയാതെ പോയി .... ഒരു ചെറിയ ഇടവേളക്കു ശേഷം കാറും കോളും അടങ്ങി  ശാന്തമായ  ജീവിതതീരത്തടിഞ്ഞപ്പോള്‍; പറയുവാന്‍  കൊതിച്ച  ഒരുപിടി  വാക്കുകള്‍ , എഴുതുവാന്‍ കൊതിച്ച ഒരുക്കൂട്ടം  വരികള്‍  ഇവയെയെല്ലാം  ഓര്‍മ്മയുടെ ചവറ്റുകൂനയില്‍  നിന്ന്, പുതുതായി മുളച്ച  നീരാളിക്കൈകളാല്‍ ,   പെറുക്കിക്കൂട്ടി മിനുക്കിയെടുക്കുവാന്‍ ഒരു പണിപ്പുര തീര്‍ത്തു ... കിനാവള്ളിയുടെ  പണിപ്പുരയിലേക്ക്  സ്വാഗതം ...

Friday, June 4, 2010

രണ്ടാമൂഴം...

ഒരുപാടാഗ്രഹിച്ചു  പുസ്തകത്താളുകളില്‍  കുത്തിക്കുറിച്ചു  മൂടിവച്ച  വരികള്‍  വീണ്ടുമോരോര്‍മയായി  മനസ്സില്‍  പെയ്തിറങ്ങവേ, പതിയെ  മനസ്സ്  മന്ത്രിച്ചു, "രണ്ടാമൂഴം..." ഇനിയുമോരുഴത്തിന് കരുത്തുണ്ടോ എന്നറിയില്ലെങ്കിലും ഒരിക്കല്‍ക്കൂടി ശ്രമിച്ചു നോക്കാം എന്ന്  ഹൃദയം... അങ്ങനെ  ഹൃദയവും  മനസ്സും  ചേര്‍ന്നുണ്ടാക്കിയ  ഒരു  ഒത്തുതീര്‍പ്പ് ... വീണ്ടും എഴുതി  തുടങ്ങാം, മാതൃഭാഷയില്‍... ഭാവനയുടെ ചിറകിലേറി, കിനാവുകള്‍ കൊണ്ട് കഥകള്‍ നെയ്ത്, മഴനൂലുകള്‍ കോര്‍ത്ത്‌ കവിത രചിച്ചു  ഭാഷയുടെ  രസമുഗുലങ്ങളെ   തൊട്ടുണര്‍ത്തി ഒരു യാത്ര ... രണ്ടാമൂഴം... എഴുത്തിന്റെ...സൃഷ്ടിപരതയുടെ ...രണ്ടാമൂഴം.